Tuesday, September 7, 2010

കതിര്‍വേല

                                  കതിര്‍വേല

                                                                                                                                    ചെറുകഥ

                    കൈകുമ്പിളിൽ വെളുത്ത പൂക്കളും തോളിൽ കതിർകുലകളുമായ്‌ ഗ്രാമം കാവിലേയ്ക്ക്‌ ഒഴുകികൊണ്ടിരിക്കുന്നു. ഇന്നാണല്ലോ കാവിലെ കതിർ വേല. കൊയ്തും മെതീം കഴിഞ്ഞ്‌ പത്തായ അറകൾ നിറഞ്ഞ്‌ കവിയുമ്പോൾ ദേവിയ്ക്ക്‌ വീതുവെപ്പിനായ്‌ അരിഞ്ഞുവെച്ചിരിയ്ക്കുന്ന കതിർ കുലകൾ ദേവിയുടെ മുന്നിൽ കൊണ്ടുവെച്ച്‌ കതിർ കൂനകളുണ്ടാക്കുന്ന ദിനം. നോക്കെത്താ ദൂരം നീണ്ടു കിടക്കുന്ന വയലുകൾ കാത്തു പോരുന്ന ദേവിയാണ്‌ ഈ കാവിനു മുന്നിലെ കല്ലിൽ കുടികൊള്ളുന്നത്‌. വെളുത്ത പൂക്കൾ കൊണ്ട്‌ ഗ്രാമം ഈ കല്ലു­മൂ­ടി­യി­ട്ടു­വേണം വേല തുട­ങ്ങു­വാൻ.­കൂ­റ്റൻ മര­ങ്ങൾ ഇട­തൂർന്നു നിൽക്കുന്ന കാവിൽ മുല­ച്ചി­യു­ണ്ട്‌. ദേവി­യുടെ ആജ്ഞ­കൾ നട­ത്തി­കൊ­ടു­ക്കു­ന്ന­വൾ. ദേവി­യുടെ വീത്‌ ബാക്കി­യാ­കുന്ന കതിർകു­ല­കൾ അർഹ­ത­പെട്ട പാവ­ങ്ങൾ കൊണ്ടു­പോ­യ്ക­ഴി­ഞ്ഞാൽ മുല­ച്ചി­യ്ക്കുള്ള കുര­വ­യു­യ­രും. തീണ്ടാ­രി­കളും പുല­കു­ളി­യ്ക്കുന്നവരും­മൊക്കെ ചേർന്ന ഗ്രാമം ആ കുര­വ­യേറ്റു പാടു­ന്നു. കുരവ കേൾക്കാൻ ഇരുട്ടും പതുങ്ങി വര­വു­ണ്ട്‌. ഈ വരുന്ന രാവ്‌ ഗ്രാമ­ത്തിലെ ഒരോ വ്യക്തിയ്ക്കും സ്വന്ത­മാ­ണ്‌. സ്വന്തം ബുദ്ധിയെ, ശരീ­ര­ത്തെ, മന­സ്സിനെ തൃപ്തി­പെ­ടു­ത്താൻ മുലച്ചി അനി­വ­ദി­ച്ചി­രി­യ്ക്കുന്ന ദിനം. പെരും­പ­റ­ഘോഷം തുട­ങ്ങി­ക്ക­ഴി­ഞ്ഞു. മദ്യ­കു­ട­ങ്ങൾ ഉടഞ്ഞു തുട­ങ്ങി, കഞ്ചാവു ലഹ­രിയ്ക്ക്‌ തീ കൊടു­ത്തു­ക­ഴി­ഞ്ഞു. ഈ രാവി­ലേയ്ക്ക്‌ മാത്രം കൂടെ കഴി­യു­വാൻ പുരു­ഷൻമാർ സ്ത്രീക­ളുടെ അനു­വാദം ചോദി­ക്കാനും തുട­ങ്ങി. ശത്രു­ത­യിൽ വൈരാഗ്യ ബുദ്ധി കയ­റ്റാത്ത നാവിൻ തുമ്പിൽ മുലച്ചി വിള­യാ­ടുന്ന പെണ്ണു­ങ്ങൾ ഒരു വർഷ­മായി അടച്ചു­വെ­ച്ചി­രുന്ന വർത്ത­മാ­നഭാണ്ഡം തുറന്നു കഴി­ഞ്ഞു. ഇരുട്ട്‌ ഗ്രാമ­ത്തിനെ ലാളിച്ചുകൊണ്ടി­രി­യ്ക്കു­ക­യാ­ണ്‌. വെളിച്ചം ആവ­ശ്യ­മു­ള്ള­വർക്ക്‌ അതിലേക്കായ്‌ പന്ത­ങ്ങൽ അങ്ങിങ്ങ്‌ കത്തി നിൽക്കു­ന്നു. ഗ്രാമ­ത്തിന്റെ വിയർപ്പു മണവും സംതൃ­പ്തി­യുടെ നിശ്വാസ വായുവും തന്റെ രോമ­കൂ­പ­ങ്ങ­ളി­ലൂടെ ആവാ­ഹിച്ച്‌ ശക്തി നേടാൻ മുലച്ചി കാവിനു പുറ­ത്തേയ്ക്ക്‌ ഈ രാവിൽ എപ്പോഴോ തീർച്ച­യായും എഴു­ന്ന­ള്ളും.

                        ഈ രാവ്‌ ഗ്രാമ­ക­ണ­ക്കിൽ ചേർക്കാത്ത രാവാ­ണ്‌. എല്ലാ കുന്നാ­യ്മ­ക­ളും മുല­ച്ചി­യ്ക്കുള്ള കാണിയ്ക്ക മാത്രം. പകൽ സിന്ദൂ­ര­മ­ണിഞ്ഞു വരു­മ്പോൾ ദേവിയെ മൂടി­യി­ട്ടി­ട്ടുള്ള വെള്ള പൂക്കൾ വാരി­ക്ക­ളഞ്ഞ്‌ കുര­വ­യു­യ­രു­ന്നു. അതോടെ കഴിഞ്ഞ രാവ്‌ വയ­ലിൽ ഉപേ­ക്ഷി­യ്ക്ക­പ്പെ­ടു­ന്നു. അഥവാ ആരെ­ങ്കിലും ഈ രാവിനെ പിൻതു­ടർന്ന്‌ ചെന്നാൽ, മുലച്ചി വീട്ടിലേ­യ്ക്കെ­ഴു­ന്ന­ള്ളു­ന്നു. ദു:സ്വപ്ന­ങ്ങൾ കാട്ടി പേടി­പ്പി­യ്ക്കു­ന്നു. സ്വപ്ന കൂമ്പാ­ര­ങ്ങൽ തന്ന്‌ ഭ്രാന്ത­നാ­ക്കു­ന്നു. വസൂരി വിതറി സംഹ­രി­യ്ക്കു­ന്നു.

                      വേല രാവ്‌ പിറ­ന്ന­തി­നു­ശേ­ഷ­മാണ്‌ കൃഷ്ണൻ വൈദ്യ­രുടെ വീട്ടു­വ­ള­പ്പി­ലേയ്ക്ക്‌ കട­ന്ന­ത്‌. നിറയെ വെളുത്ത പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടി­കൾ നിറ­ഞ്ഞ­താണീ തൊടി. സന്ധ്യാ­വി­ളക്ക്‌ കൊളുത്തിക്കഴി­ഞ്ഞാൽ രാമാ­യ­ണ­വും, ഭാഗ­വ­തവും, രമ­ണനും, ഉയർന്ന്‌ കേൾക്കുന്ന ഗ്രാമ­ത്തിലെ ഏക ഭവനം. വൈദ്യരും ഭാര്യയും മാത്ര­മാണാവീട്ടിലെ താമ­സ്സ­ക്കാർ. കാവി­നോട്‌ ഏറ്റവും അടുത്തു നിൽക്കുന്ന വീടാ­ണി­ത്‌. തൊടിയ്ക്ക്‌ ഏറ്റവും പിറ­കി­ലായി ഉയർന്നു നിൽക്കുന്ന പുളി­യൻ മാവിൽ കൊത്തിപ്പിടിച്ചു കയറി വട­ക്കോട്ട്‌ വളഞ്ഞു പോകുന്ന കൊമ്പി­ലൂടെ ചെന്നാൽ വള്ളി­പ്പ­ടർപ്പു­ക­ളിൽ പിടുത്തം കിട്ടും. കമഴ്ന്ന്‌ കിടന്ന്‌ വള്ളി­പ്പ­ടർപ്പിനു മുക­ളി­ലൂടെ വലിഞ്ഞു കയ­റി­യാൽ കാവ്‌ തുട­ങ്ങുന്ന എരിഞ്ഞി മരച്ചില്ലയിൽ എത്താം. ഓടപ്പഴങ്ങൾ തൂങ്ങിയാടുന്ന ചില്ലതുമ്പുകൾ വകഞ്ഞു മാറ്റി ചെല്ലു­മ്പോൾ ഓട മര­ത്തിന്റെ കന­മുള്ള കൊമ്പിൽ ചവി­ട്ടു­കി­ട്ടും. അഖിൽ മര­ത്തിന്റെ കനം കുറഞ്ഞ കൊമ്പു­ക­ളി­ലൂടെ മുക­ളി­ലേയ്ക്ക്‌ എളുപ്പം കയറി ചെല്ലാം. ചുകന്ന പൂക്കൾ കുല­ക­ളായി തൂങ്ങി­യാ­ടുന്ന കാവിലെ ഏറ്റവും പൊക്ക­മുള്ള മര­ത്തിന്റെ മുക്കാൽ ഭാഗം എത്തി­ക്ക­ഴി­ഞ്ഞി­രി­യ്ക്കു­ന്നു. ഇനി തൂങ്ങി­യാ­ടി­ക്കി­ട­ക്കുന്ന കന­മുള്ള കറുത്ത വള്ളി­ക­ളിൽ ചവിട്ടി കയ­റു­മ്പോൾ നന്നായി സൂക്ഷി­യ്ക്ക­ണം. തൂങ്ങി­ക്കി­ട­ക്കുന്ന വള്ളി­കൾ നാല­ഞ്ചെണ്ണം ഉള്ള­തി­നാലും അവ പര­സ്പരം കോർത്തും വഴി­പി­രിഞ്ഞും കിട­ക്കുന്നതിനാലും കയറ്റം ദുഷ്ക­ര­മ­ല്ല. ചെന്നെ­ത്തുക പൂമ­ര­ത്തിന്റെ തുഞ്ചാര കൊമ്പി­ലാ­ണ്‌. ആ കൊമ്പിൽ നിന്നും സ്വൽപം താഴോട്ട്‌ ഇറ­ങ്ങി­യാൽ പൂമ­ര­ത്ത­ടി­യിൽ നിന്നും മൂന്ന്‌ ദിശ­ക­ളി­ലേയ്ക്കും വളർന്നു പോയി­രി­യ്ക്കുന്ന ശിഖ­ര­ങ്ങൾ ഒത്തു ചേർന്ന സ്ഥലത്ത്‌ ഇറ­ങ്ങി­നിൽക്കാം. നിൽക്കാ­നും, നട­ക്കാ­നും, കിട­ക്കാനും തക്ക രീതി­യിൽ മരം ഒരുക്കി തന്നി­രി­യ്ക്കുന്ന ഈ മര­മു­റി­യിൽ എത്തി­യാൽ സമാ­ധാ­ന­മായി.

                          ഇരുട്ട്‌ പര­ന്ന­തി­നു­ശേഷം ആദ്യ­മാ­യാണ്‌ ഇവിടെ എത്തു­ന്ന­ത്‌. പകൽ വെളി­ച്ച­ത്തിൽ മുക­ളിൽ നിന്നു­മുള്ള കാഴ്ച അതി­ശ­യ­ക­ര­മാ­ണ്‌. പടി­ഞ്ഞാട്ട്‌ നോക്കി­യാൽ തെങ്ങിൽ തല­പ്പു­കൾ നിരന്നു നിൽക്കുന്ന പച്ച­പ്പു­കൾക്ക്‌ അപ്പുറം കടൽ തിളച്ചു പൊങ്ങു­ന്ന­തിന്റെ വെള്ളി­വെ­ളി­ച്ചം. തെക്ക്‌ ഭാഗത്ത്‌ മല­യുടെ അകിട്‌ കിനിഞ്ഞ്‌ കടൽ തേടിയ­പോകുന്ന ഒഴു­കാത്ത പുഴ. കിഴക്ക്‌ വയ­ലു­കൾക്ക്‌ നടുക്ക്‌ ഉയർന്ന്‌ നിൽക്കുന്ന മല­യൻ കുന്ന്‌. വടക്ക്‌ തടാ­ക­ത്തി­ന­പ്പു­റത്ത്‌ ഉയർന്ന്‌ നിൽക്കുന്ന സിമന്റ്‌ സൗധ­ങ്ങൾ പട്ട­ണ­ത്തി­ര­ക്കു­കൾ.

                  മുക­ളി­ലി­രി­യ്ക്കുന്നതൊരു ലഹ­രി­യാണ്‌ എല്ലാം നമ്മെത്തേടി­വ­രു­ന്നു. കാഴ്ച­ക­ളുടെ ആധി­ക്യ­ത്താൽ ബുദ്ധി പരിധി ലംഘി­ച്ച്‌ മേയാൻ പോകു­ന്നു. ഒരു­പാട്‌ ജീവി­ത­ങ്ങ­ളി­ലൂടെ കയറി ഇറ­ങ്ങു­മ്പോൾ ഭാവ­ന­കളും കഥ­ക­ളു­മി­ല്ലാത്ത ലോക­ത്തെ­ത്തി­ച്ചേ­രു­ന്നു. അപ്പോൾ ഉൻമാ­ദ­ങ്ങൾ ബാഷ്പീ­ക­രിച്ചു പോകു­ന്ന­ത­റി­യു­ന്നു. അഭി­ലാ­ഷ­ങ്ങൾ ശവ­പ്പ­റ­മ്പി­ലേ­യ്ക്കെ­ടു­ത്തെ­റി­യു­ന്നു. എല്ലാ കാഴ്ച­കളും ആവർത്ത­ന­ങ്ങൾ മാത്ര­മാ­കു­ന്നു.എല്ലാ വഴി­കളും ചെന്നെ­ത്തുന്ന ശരി­യെ­ക്കു­റിച്ച്‌ അറി­യു­മ്പോൾ സന്തോ­ഷ­ങ്ങൾക്കെല്ലാം അവ­സാ­നം. രാവ്‌ കന­യ്ക്കു­ന്നു. പരി­ധി­ക്കു­ള്ളിലെ കാഴ്ച­കൾ ചില­രിൽ ഉൻമാദം നിറ­യു­ന്നു. ചില­രിൽ ശാന്തത കൈവ­രു­ന്നു.

                  കാഴ്ച­കൾ കൃഷ്ണനെ ഉണർത്തി. സാമ്പ്രാ­ണി­ത്തി­രി­കൾ പുകഞ്ഞു കത്തു­മ്പോൾ ഉയ­രുന്ന മണ­മാണ്‌ കാറ്റ്‌ ഇതു­വരെ കൊണ്ടു വന്നി­രു­ന്ന­ത്‌. ഇപ്പോൾ കിട്ടുന്ന മണ­ത്തിന്‌ മനു­ഷ്യാ­വ­യ­വ­ര­സ­ങ്ങൾ മണ്ണേറ്റു വാങ്ങുന്ന ചു­വയു­ണ്ട്‌. മര­മു­റി­യിൽ ചമ്രം പടി­ഞ്ഞി­രു­ന്നു­കൊണ്ട്‌ ഓർത്തു. ദേവിയെ ഉറ­ക്കി­കെ­ടുത്തി ശക്തി നേടു­വാൻ മുലച്ചി വയ­ലി­ലെ­യ്ക്കി­റ­ങ്ങി­യി­ട്ടു­ണ്ടാ­കു­മോ. വൈദ്യ­രുടെ ഭാര്യ പറഞ്ഞു തന്നി­ട്ടുള്ള മുല­ച്ചി­യുടെ രൂപം ഓർത്തു. ചമ്പതെങ്ങിന്റെ ഉയ­രം. മീൻ ചട്ടി മോന്ത. മുട്ടു­കാൽ വരെ നീണ്ടു കിട­ക്കുന്ന ഒറ്റ­ മുല. ചക്ക­ക്കുരു വലി­പ്പ­ത്തിൽ കരി­മ്പിച്ച മുല­ക്ക­ണ്ണ്‌. കുത്തനെ എണീ­റ്റു­നിൽക്കുന്ന തല­മു­ടി. ഗണ­പതി നാരങ്ങ പോലുള്ള വയറ്‌, വട്ട­ചെമ്പ്‌ വലി­പ്പ­മുള്ള ചന്തി­കൾ. പട­വല തോട്ട­ത്തിന്റെ മണം. രാവ്‌ ഇത്ര ഏറി­യി­ട്ടും ഈ രൂപ­ത്തി­ലുള്ള മുല­ച്ചിയെ എവി­ടേയും കണ്ടി­ല്ല­ല്ലോ..... ഒരു പക്ഷേ അമ്മ്വേ­ടത്തി നുണ പറ­ഞ്ഞ­താ­യി­രി­യ്ക്കും. ദാസ­പ്പൻ ചേട്ടൻ തന്ന സെക്സ്‌ പുസ്തകം വായി­യ്ക്കു­വാ­നാ­ണല്ലോ ഞാനി­തിന്റെ മുക­ളി­ലേയ്ക്ക്‌ ആദ്യ­മായ്‌ കയറി വന്ന­ത്‌. അത്‌ രാത്രി സ്വപ്ന­ത്തിൽ വന്ന സുന്ദ­രിയെപ്പോലെ­യാ­യി­രിക്കും മുല­ച്ചി. പന്ത­ങ്ങ­ളിൽ മിക്കതും അണ­ഞ്ഞെ­ങ്കിലും നിലാവ്‌ വിരുന്നു വന്നി­രി­യ്ക്കു­ന്ന­തി­നാൽ ഇരു­ട്ടിന്‌ വല്ലാതെ കനം­വെ­യ്ക്കു­വാ­നാ­യി­ട്ടി­ല്ല. വാദ്യ­ഘോ­ഷ­ങ്ങ­ളും, ആർപ്പു­വി­ളി­ക­ളും, ബഹ­ള­ങ്ങളും, ശമി­ച്ചി­രി­ക്കു­ന്നു. കാറ്റ്‌ ഇപ്പോൾ കൊണ്ടു വരുന്ന ഗന്ധ­ത്തിന്‌ എന്തൊരു വശ്യത. അത്‌ സിര­ക­ളിൽ കൂടി കടന്ന്‌ രോമ­കൂ­പ­ങ്ങളെ എഴു­ന്നേൽപ്പി­യ്ക്കു­ന്നുവല്ലോ. നിലാ­വിന്റെ നേർത്ത പാടയെ വയ­ലേ­ല­ക­ളിൽ നിന്നും ദൂരെയ്ക്ക്‌ കൊണ്ടു­പോ­കു­ന്ന­താ­രാണ്‌. മല­യൻകു­ന്നിൽ നിന്നും കാട്ടു­പൂ­ക്കളും ചൂടി പറന്നു വരുന്ന ആ സുന്ദ­രി­യാണോ മുല­ച്ചി. വസ്ത്ര­ങ്ങ­ളോ­രു­ന്നായ്‌ അഴി­­ച്ചു­വെ­ച്ചു. നഗ്ന­ദേ­ഹവും തുറന്ന്‌ പിടിച്ച്‌ ഗ്രാമ­ത്തിനെ നോക്കി ഉറക്കെ വിളി­ച്ചു...... “മുല­ച്ചീ......... എന്റെ മുല­ച്ചീ....... എന്റെ പെണ്ണേ......”

                      ഇളം കാറ്റി­നി­പ്പോൾ എരി­ഞ്ഞി­പ്പൂ­വിന്റെ ഗന്ധം. കനമില്ലാത്ത കാറ്റിൽ വൃക്ഷ ശിഖിരങ്ങളും ഇലകളും നൃത്തം വെയ്ക്കുന്നു.ചിലങ്കയണിഞ്ഞ പാദധ്വനികൾ പുളിമാവിൽ ചുവട്ടിൽ നിന്നും കേൾക്കുന്നു.വള്ളികളിലൂടെയും ശിഖിരങ്ങളിലൂടെയും ആ നാദം മുകളിലേയ്ക്ക്‌ കയറി വരുന്നു. മരമുറിയിൽ മലർന്നു കിടന്നു.മങ്ങിക്കത്തുന്ന നക്ഷത്രങ്ങൾ, കുടപിടിച്ചു നിൽക്കുന്ന വൃക്ഷശിഖരത്തിന്റെ ഇലകൾക്കിടയിലൂടെ തെളിഞ്ഞും ഒളിഞ്ഞും കാണുന്ന ആകാശപൊട്ടുകൾ. പകുതി നഗ്നത കാട്ടി നിൽക്കുന്ന ചന്ദ്രൻ, ഊഞ്ഞാലായ്‌ ആടുന്ന കാട്ടുമരം, കഴുത്തിൽ വിരലുകൊണ്ട്‌ അമർത്തുന്നതാരാണ്‌. അഗ്നി നെഞ്ചിലിട്ട്‌ കത്തിയ്ക്കുന്നതാരാണ്‌. രക്തം പമ്പ്‌ ചെയ്ത്‌ കയറ്റി കിതപ്പു കൂട്ടുന്നതാരാണ്‌. പേശികൾ ചലിയ്ക്കുന്നുവല്ലോ. നിർവൃതി കാൽ നഖത്തിലൂടെ തുളച്ചുകയറി കടന്നുപോയി. ചുണ്ടുകൾ ചലിച്ചു. “മുലച്ചീ..... എന്റെ മുലച്ചീ.... എന്റെ മാത്രം പെണ്ണേ.........” ലോകം ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്നു. ഇരുട്ട്‌...... പുതിയ വെളിച്ചം...... കുരവയുയരുന്നു. ഗ്രാമം ഉണർന്നു കഴിഞ്ഞു.

                  വെള്ളി­യാഴ്ചകളി­ലാണ്‌ വീട്ടി­ലേ­യ്ക്കുള്ള മുല­ച്ചി­യുടെ വര­വ്‌. അന്ന്‌ വസ്ത്ര­ങ്ങളും മുറിയും വൃത്തി­യു­ള്ള­താ­യി­രി­യ്ക്കാൻ ശ്രദ്ധി­യ്ക്കും. രാത്രി­യുടെ ഏത്‌ യാമ­ത്തി­ലാണ്‌ അവർ വരു­ന്ന­തെന്ന്‌ പറ­യു­വാ­നൊ­ക്കി­ല്ല. ചില­ങ്ക­യുടെ നാദ­മാണ്‌ ആദ്യം എത്തു­ക. പിന്നീട്‌ ഏതെ­ങ്കിലും വെളുത്ത പൂക്ക­ളുടെ സൗരഭ്യം അറി­യും. പൂക്കൾ കിട­ക്ക­യി­ലേക്ക്‌ വിതറി കഴു­ത്തി­ലാ­ണ­വർ ആദ്യം തൊടു­ക. അവ­രുടെ ശരീ­ര­ത്തി­നോ­ടൊ­ട്ടി­ച്ചേർന്ന്‌ ഇളം­കാ­റ്റിൽ ഗ്രാമ­മാ­റി­ലൂടെ പറന്ന്‌ പറന്ന്‌ ആകാ­ശ­കാ­ഴ്ച­യിൽ ഗ്രാമം മുഴുവനും കാണാം. ഗ്രാമം വിട്ട്‌ പുറ­ത്തേ­യ്ക്കി­തു­വരെ കൊണ്ടു പോയി­ട്ടി­ല്ല. പിരി­യാൻ നേരം കാവിലെ മര­മു­റി­യിൽ കിടത്തി ഭോഗ­സുഖം തരും.

                       തൂത്തു­വാരി വൃത്തി­യാ­ക്കാൻ കയ­റിയ അമ്മ­യാണ്‌ വാടിയ പൂക്കളും സ്ത്രീയുടെ തല­മുടി ഇഴ­കളും മുറി­യിൽ നിന്നും ക​‍െ­ണ്ടടു­ക്കു­ന്ന­ത്‌. ചുരു­ങ്ങിയ ദിവ­സ­ങ്ങൾക്കുള്ളിൽ ഗ്രാമ­ത്തിലെ എല്ലാ കാതു­ക­ളിലും ഈ വാർത്ത എത്തി. കൊതി­പൂണ്ട ചെറു­പ്പ­ക്കാ­രിൽ പലരും മദ്യ­പിച്ചും മദ്യ­പി­യ്ക്കാ­തെയും ഉറ­ക്ക­മൊ­ഴിച്ച്‌ മുറിയ്ക്ക്‌ പുറത്ത്‌ കാവ­ലി­രു­ന്നു. പാതി­രാ­ത്രി­യിൽ വീശുന്ന ഇളം കാറ്റും കൂടെ വരുന്ന മയ­ക്ക­വും, ഏപ്പു­ക­ളിൽ പ്രത്യ­ക്ഷ­പ്പെ­ടുന്ന നീരും മറ്റു­മായി ചെറു­പ്പ­ക്കാ­രുടെ അനു­ഭ­വ­ങ്ങൽ വളർന്നു. മുല­ച്ചിയെ പരീ­ക്ഷി­യ്ക്കാൻ മുതി­ര­രു­തെന്ന്‌ ഓരോ വീട്ടി­ലേയും കാർന്നോൻമാർ ചെറു­പ്പ­ക്കാ­രോട്‌ ശട്ടം കെട്ടി.

                     കതിൽവേ­ല­യുടെ തലേന്ന്‌ ഗ്രാമം കൃഷ്ണന്റെ വീടിനു­മു­ന്നിൽ വന്നു ചേർന്നു. ഗ്രാമ­ത്തിന്റെ കണ്ണിലെ കര­ടായി നട­ക്കുന്ന ദാസ­പ്പൻ ആളു­ക­ളോ­ടായ്‌ പറ­ഞ്ഞു. “കൃഷ്ണന്റെ മുറി­യ്ക്കു­ള്ളിലെ അല­മാരി നീക്കി­യാൽ ചുമ­രിൽ ഒരു ജനൽ പഴു­തു­ണ്ട്‌. അതി­ലൂടെ വീടിനു അകത്തു നിന്നു­മാണ്‌ മുലച്ചി വരു­ന്ന­ത്‌. മുലച്ചി മനു­ഷ്യ­സ്രത്രീ തന്നെ ആണ്‌.” ഗ്രാമം കുശു­കു­ശു­ത്തു. ആ വീട്ടിൽ അമ്മ കൂടാതെ കൃഷ്ണന്റെ ജേഷ്ഠന്റെ ഭാര്യ മാത്ര­മാ­ണു­ള്ളത്‌ അവർ ഗ്രാമ­നി­യ­മ­ങ്ങൾ അനു­സ­രിച്ച്‌ ജീവി­യ്ക്കുന്നവളു­മാ­ണ്‌. വൈദ്യർ മുന്നോട്ട്‌ വന്ന്‌ എല്ല­വ­രോ­ടു­മായി പറ­ഞ്ഞു. “പൂക്കളും മുടി­യി­ഴ­കളും കണ്ടിട്ട്‌ ഉറ­പ്പാ­യിട്ടും മുലച്ചി തന്നെ­യാണ്‌ വരു­ന്ന­ത്‌.” വൈദ്യ­രുടെ ഭാര്യ അമ്മു­വേ­ട­ത്തി­യു­ടേ­തായി അടുത്ത ഊഴം. “വെളുത്ത പൂക്കളും ചുരുണ്ട തല­മു­ടി­യി­ഴ­ക­ളും. ഇത്‌ മുല­ച്ചി­യ­ല്ല. സാക്ഷാൽ ദേവി തന്നെ­യാ­ണ്‌. ദേവി തന്നെ...... ദേവി കൃഷ്ണനെ തേടി വര­ണ­മെ­ങ്കിൽ കൃഷ്ണൻ ആരാണ്‌?..... ആരാ­ണ്‌....? ഭഗ­വാൻ....... ഭഗ­വാൻ........... ലോകൈ­ക­നാ­ഥന്റെ അവ­താ­രം.

                 “ കൃഷ്ണന്റെ അമ്മ ഭഗ­വാന്റെ കാൽക്കൽ വീണു. കൂടെ വൈദ്യരും ഭാര്യ­യും. കുറേശ്ശേ കുറേ­ശ്ശേ­യായി ആ ഗ്രാമം മുഴു­വ­നും.

                                                                                                                                                    gk

4 comments:

 1. ദേവി കൃഷ്ണനെ തേടി വര ണ മെ ങ്കിൽ കൃഷ്ണൻ ആരാണ്‌?..... ആരാ ണ്‌....?

  കലക്കി ജീ കെ...

  ReplyDelete
 2. “മുല­ച്ചീ......... എന്റെ മുല­ച്ചീ....... എന്റെ പെണ്ണേ......”
  “മുലച്ചീ... എന്റെ മുലച്ചീ.... എന്റെ മാത്രം പെണ്ണേ.........”
  സ്വന്തമാക്കുമ്പോള്‍ പുരുഷനു സ്വാര്തഥ വര്രുന്നു വല്ലേ

  ReplyDelete
 3. ..
  ഇത് കലക്കി കേട്ടൊ.. :)
  ..

  ReplyDelete
 4. നന്നായിട്ടുണ്ട്...

  ReplyDelete